PROBIOTIC IMAGES

 




കാളൻ വിചിന്തനം

വയറിന്റെ അതായത് ദഹനവ്യവസ്‌ഥയുടെ ആരോഗ്യം അതിപ്രധാനമാണ്, സദ്യകളിൽ വിശേഷിച്ചും, കഴിച്ചുപോയവർ പരാതിപറയരുത്. ഏമ്പക്കമോ മറ്റ് ബഹിർഗ്ഗമനങ്ങളോ പരിധികൾ ലംഘിക്കരുത്. 

അതിസങ്കീർണ്ണമായ ദഹനപ്രക്രിയയെ വേണ്ടവിധം പോഷിപ്പിക്കുന്നവയായിരിക്കണം ഭക്ഷണചര്യകളും. അത് പഴമക്കാർക്ക് അറിയാമായിരുന്നു. ഇന്ന് ഏറ്റവും പ്രമാദമായി ചർച്ചകളും പഠനങ്ങളും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടക്കുന്ന ഒരു സുപ്രധാന മേഖലയാണ് Gut Microbiota എന്ന് പൊതുവെ അറിയപ്പെടുന്ന വയറിലെയും കുടലിലെയും സൂക്ഷ്മജീവികളുടെ സഞ്ചയം. ബാക്റ്റീരിയകൾ, ബാക്റ്റീരിയകളെ തിന്നുന്ന ബാക്റ്റീരിയോഫേജ് എന്ന് വിളിക്കുന്ന വൈറസ്കൾ, ഫംഗസ്കൾ, മറ്റു സൂക്ഷ്മപരാന്നജീവികൾ എല്ലാം Gut Microbiota എന്ന ഈ വിഭാഗത്തിൽ പെടും.

ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള നല്ല ബാക്റ്റീരിയകളുടെ വിത്തുകളെയും(Spores) നല്ല ബാക്റ്റീരിയകളെയും Probiotics എന്നും, നല്ല ബാക്റ്റീരിയകളുടെ ഭക്ഷണവസ്തുക്കളായാവകളെ (Fiber) Prebiotics എന്നും നല്ല ബാക്റ്റീരിയകൾ ഉത്പാദിപ്പിക്കുന്ന, മനുഷ്യശരീരം ഉപയുക്തമാക്കുന്ന വസ്തുക്കളെ Postbiotics എന്നും വിവക്ഷിക്കുന്നു. 

നല്ല ബാക്റ്റീരിയകളുടെയും അവകളുടെ spores ന്റെയും നല്ലൊരു കലവറയാണ് തൈര് (Probiotic).

മനുഷ്യന് ദഹിപ്പിക്കാനാവാത്ത, എന്നാൽ നല്ല ബാക്റ്റീരിയകൾക്ക് അനിവാര്യമായ ഒരു ഭക്ഷണം, അവയാണ് Carbohydrate വിഭാഗത്തിൾപ്പെടുന്ന Fibers (Prebiotics). നാരുകൾ എന്ന് സാമാന്യേന വിളിച്ചുവരുന്ന ഇവ രണ്ടു വിധമുണ്ട് ജലത്തിലലിയുന്നതും (Soluble fiber) അലിയാത്തതും (Insoluble fiber). രണ്ടും മനുഷ്യന് നിത്യവും ലഭ്യമാകേണ്ടതുണ്ട്. പ്രതിദിനം ലഭ്യമാക്കേണ്ടുന്ന Fiber 28- 35 ഗ്രാം ആണ്.

കുറുക്കുകാളനിൽ അരച്ച് ചേർക്കുന്ന പച്ചത്തേങ്ങ Insoluble Fiber ന്റെ ഒരു richest source ആണ്. ഈ Insoluble Fiber ആഹരിക്കുന്ന വയറിലെയും കുടലിലെയും നല്ല ബാക്റ്റീരിയകൾ അവയിൽ നിന്നും Short  Chain Fatty Acids (SFA) എന്നയിനം കൊഴുപ്പുകൾ ഉത്പാദിപ്പിക്കും. അത് Gastro-Intestinal tract (GI Tract) ന്റെ കേടുപാടുകൾ തീർത്തും പുനർനിർമ്മിച്ചും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഇത് ഈ നല്ലവരായ ബാക്റ്റീരിയകൾക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണ്, അതിപ്രധാനവുമാണ്.

കുറുക്കുകാളനിലെ പച്ചക്കായ നേരത്തെ പറഞ്ഞതുപോലെ, Soluble Fiber ആയ Resistant Starch ന്റെ ഏറ്റവും മികച്ച sources ൽ ഒന്നാണ്. ഒപ്പം ചേന. മണ്ണിനടിയിൽ വളരുന്നതെന്തും പ്രമേഹരോഗികൾക്ക് നിഷിദ്ധം എന്ന് നിഷ്കർഷിക്കുന്നവർ, ചേനയിലെ Soluble Fiber നെ അറിഞ്ഞിട്ടില്ല എന്ന് പറയണം. Glucomannan എന്നറിയപ്പെടുന്ന ഇവ Constipation തടയുന്നവയാണ്. ഭക്ഷണത്തിലെ Glucose രക്തത്തിൽ കലരുന്നതിന്റെ വേഗം (Glycemic Index) സാരമായി കുറച്ചുകൊണ്ട് Diabetic management ൽ വളരെയധികം പ്രയോജനകരമാകും ചേനയിലെ Glucomannans. വിസ്താരഭയം തീണ്ടിയതിനാൽ ചേനയുടെയും കായയുടെയും മഹാത്മ്യം ചുരുക്കുന്നു.

ദഹനത്തിനും (Digestion) ദഹനവ്യവസ്‌ഥിതിക്കും (Digestive System) അത്യധികം സഹായകമായ മഞ്ഞൾ, ജീരകം, കുരുമുളക് എന്നിവയും കുറുക്കുകാളന്റെ പ്രധാന ചേരുവകളാണ്.

കുടൽ നന്നായാൽ ഉടൽ നന്നായി.

രാസവിഷവസ്തുക്കൾ (Chemical Pesticides) ഉത്പാദന സമയങ്ങളിലോ, ശേഖരിച്ചു സൂക്ഷിക്കുന്ന സമയങ്ങളിലോ ഉപയോഗിച്ചിട്ടില്ലാത്ത നല്ലയിനം നാടൻ കുത്തരികൾക്ക്, കിലോയ്ക്ക് ഒരു 75 രൂപയെങ്കിലും കൊടുക്കേണ്ടി വരും, സാരമില്ല. അത് അന്വേഷിച്ചു കണ്ടെത്തി വാങ്ങിയിട്ട്, ചോറ് വച്ചിട്ട്, വാർത്തെടുത്ത കഞ്ഞിവെള്ളം കളയാതെ ഫ്രിഡ്ജ്ലേക്ക് വച്ചേക്കുക. അത് ഒരു 12 മണിക്കൂർ തണുക്കട്ടെ. ശേഷം അത് എടുത്ത് വെള്ളം ചേർത്ത് നേർപ്പിച്ചു കഴിക്കുക.
ദഹന വ്യവസ്‌ഥ(Digestive System) യുടെ ആരോഗ്യത്തിന് ഏറ്റവും സഹായകവും, ലളിതവും, ചിലവുകുറഞ്ഞതും ഒരു പക്ഷെ അനിവാര്യവുമായ ഒരു ആരോഗ്യപദ്ധതിയാണിത്.

Resistant Starch എന്നും Soluble Fiber എന്നും വിളിക്കുന്ന, മനുഷ്യന് ദഹിപ്പിക്കാനാവാത്ത എന്നാൽ, ആമാശയത്തിലെയും ചെറു-വൻ കുടലുകളിലെയും, എണ്ണത്തിൽ 100 Trillion എന്നും ഭാരത്തിൽ 160-200 ഗ്രാം എന്നും  അനുമാനിച്ചിട്ടുള്ള Gut Microbiota എന്ന നല്ല ബാക്റ്റീരിയകളുടെ നിലനിൽപ്പിന് ഏറ്റവും സഹായകമാണ് ഈ പദ്ധതി എന്ന് പറയണം.

നല്ല ബാക്റ്റീരിയകൾക്ക് നല്ല ഭക്ഷണം ലഭ്യമായില്ലായെങ്കിൽ അവർ വയറിന്റെയും കുടലിന്റെയും ഉൾ ഭിത്തികളിലെ സംരക്ഷണസ്തരത്തിലെ Mucous ആഹാരമാക്കും. അതോടെ വിവിധങ്ങളായ Gastro-Intestinal Problems തുടങ്ങും അല്ലെങ്കിൽ അധികരിക്കും. ഇത് IBS (Irritable Bowel Syndrome), GERD (Gastro-Esophageal Reflux Disorder) Allergies തുടങ്ങി ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും നല്ല ബാക്റ്റീരിയകളുടെ അഭാവം ചില്ലറ ആരോഗ്യപ്രശ്നങ്ങൾക്കല്ല വഴി വയ്ക്കുക. 

നല്ല ആരോഗ്യസ്‌ഥിതിക്ക് അത്യന്താപേക്ഷിതമായ ഈ നല്ല ബാക്റ്റീരിയകളെ Antibiotics കളെക്കൊണ്ടും Antibiotics സമൃദ്ധമായ ഇറച്ചികൾ, പാൽ മുതലായവകളെക്കൊണ്ടും നാം നിരന്തരം ആക്രമിച്ചു ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നതിനു പുറമെയാണ് ഉള്ളവർക്ക് ഭക്ഷണം നിഷേധിക്കുന്ന ഭക്ഷണചര്യകളും.

ഒരു കാലത്ത് മനുഷ്യന് ദഹിപ്പിക്കാനാവാത്ത വസ്തുക്കൾ ആഹരിച്ചിട്ട് കാര്യമില്ല എന്ന വരട്ടുവാദം അംഗീകരിച്ചനുസരിച്ച് ഭക്ഷണങ്ങളിൽ നിന്നും Fiber നീക്കം ചെയ്തു. അങ്ങിനെ ഗോതമ്പിൽ നിന്നും ആട്ടയും മൈദയും റവയുമൊക്കെ ഉണ്ടായി. അരിയിൽ നിന്നും തവിട് നീക്കം ചെയ്തു. അതോടെ വിവിധങ്ങളായ ഭക്ഷ്യവസ്തുക്കളും ഉരുത്തിരിഞ്ഞു. ചപ്പാത്തി, പൊറോട്ട, റൊട്ടികൾ, ബിസ്‌ക്കറ്റ്കൾ, ദോശ, അപ്പം എന്ന് തുടങ്ങി എത്രയോ എത്രയോ തരാതരം ഭക്ഷ്യവസ്തുക്കൾ. തവിടുള്ള അരി കിട്ടാനില്ലാതായി.

ഭക്ഷണത്തിൽ നിന്നും Fiber സമൃദ്ധമായ പച്ചക്കറികളും ഇലക്കറികളും ഏതാണ്ട് അപ്രത്യക്ഷമായി പ്രത്യേകിച്ച് കേരളീയരിൽ. അധികപങ്കും antibiotic സമൃദ്ധമായ ഇറച്ചിവർഗ്ഗങ്ങളും നാരുകൾ (Fiber) നീക്കം ചെയ്ത ധാന്യങ്ങളുമായി (മൈദ മുതലായവ). നല്ല ബാക്റ്റീരിയകളുടെ നല്ലകാലം അതോടെ അസ്തമിച്ചു തുടങ്ങി. C-Section വന്നതോടെ, സുഖപ്രസവത്തിലൂടെ കുഞ്ഞിന് ലഭ്യമാകേണ്ടിയിരുന്ന നല്ല ബാക്റ്റീരിയകളുടെ സ്‌ഥാനം ആശുപത്രികളിലെ രോഗകാരികളായ ബാക്റ്റീരിയകൾ ഏറ്റെടുത്തു. കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി വല്ലാതെ ശോഷിച്ചുപോയി. ചെറുതും വലുതുമായ ആരോഗ്യപ്രശ്നങ്ങൾ വിട്ടൊഴിയാതായി. പാൽ ദഹിപ്പിക്കാൻ വേണ്ട ബാക്റ്റീരിയകൾ ഇല്ലാത്തതിനാൽ മുലപ്പാൽ പോലും allergy ആകുന്ന ലോകമായി. ഡോക്ടർ കുറിച്ച് കൊടുത്തില്ലെങ്കിലും സ്വയം ചികിത്സയുടെ ഭാഗമായി കേട്ടും ചോദിച്ചും വാങ്ങിക്കഴിക്കുന്ന ആന്റിബയോട്ടിക്‌സ് ഉണ്ടാക്കുന്ന ദോഷമത് വേറെ.

പണ്ട് പഴങ്കഞ്ഞി കുടിക്കുമായിരുന്നു. തലേന്നത്തെ ചോറോ കഞ്ഞിയോ വെള്ളമൊഴിച്ചു വച്ചിട്ട് ഒരു രാത്രികൊണ്ട് ferment ആയി നല്ല ബാക്റ്റീരിയകളാൽ സുഭിക്ഷമായ ആ ആറിയ കഞ്ഞി പഴങ്കഞ്ഞിയുടെ ആരോഗ്യസംരക്ഷണത്തിലെ പങ്ക്, അത് വിഭാവനം ചെയ്ത പഴമക്കാരല്ലാതെ ആരറിഞ്ഞു? കഞ്ഞിവെള്ളം തണുത്തെങ്കിൽ നേർപ്പിച്ച് ലേശം കല്ലുപ്പും ചേർത്ത് പത്തുമണിക്ക് കുടിച്ചിട്ട് ഒരു മണിവരെ ക്ഷീണമില്ലാതെ, ഷുഗറും കൊളെസ്ട്രോളും ഇല്ലാതെ പണിയെടുത്തിരുന്നവരുടെ സ്‌ഥാനം പത്തുമണിക്ക് ചായയും എണ്ണക്കടികളും കഴിച്ച് ഷുഗറും കൊളെസ്ട്രോളും ആയി നടക്കുന്നവർ കയ്യടക്കിയിരിക്കുന്നു.

Resistant Starch ന്റെ ഏറ്റവും നല്ലൊരു source ആണ് പച്ചക്കായ. 95% വരെ resistant starch ആണ് പച്ചക്കായയിലെ അന്നജം (Carbohydrates). പഴമായാലോ, 95% Glucose ഉം. പച്ചക്കായ ബജിയാക്കിത്തിന്ന തമിഴനെ പാണ്ടിയെന്ന് ആക്ഷേപിച്ച് പഴം പൊരിച്ചു തിന്ന് Diabetes ഉം Cholesterol ഉം കാശ്കൊടുത്ത് സമ്പാദിച്ച പ്രബുദ്ധനായ മലയാളി.

പ്രസവസയത്തും മുലപ്പാലിലൂടെയും ലഭ്യമാകുന്ന നല്ല ബാക്റ്റീരിയകളെ പോഷിപ്പിക്കാൻ വേണ്ടിത്തന്നെയാണ്, ഒരു പക്ഷെ അതിനു വേണ്ടി മാത്രമാണ് കുഞ്ഞുങ്ങൾക്ക് കണ്ണൻ കായ ഉണക്കി പൊടിച്ചു കൊടുത്തിരുന്നത്. ഇന്നത് status ന് ചേരില്ല, വില കൂടിയ Infant Formulae ആണ് അന്തസ്സ്. അതുകൊണ്ടെന്തു വേണ്ടൂ, മാസത്തിലൊരിക്കലെങ്കിലും കുഞ്ഞുങ്ങളെയും കൂട്ടി ആശുപത്രിയിൽ പോയേ തീരൂ എന്നായി.

മണ്ണിൽ കളിച്ചും മണ്ണ് വാരിത്തിന്നും വളരുന്ന വഴിവക്കിലെ കുട്ടികളെ കണ്ടാൽ ഒന്നുകൂടി ഒന്ന് നോക്കാൻ തോന്നും. മണ്ണിൽ തൊടാതെ അമിത വൃത്തിയിൽ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷി തീരെ കുറവായിരിക്കും. അവർ അഥവാ അവരുടെ രോഗപ്രതിരോധസംവിധാനം നല്ലതും കെട്ടതുമായ ബാക്റ്റീരിയകളെ പരിചയപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ ആക്രമണങ്ങൾ പോലും പ്രതിരോധിക്കാനുമാവുന്നില്ല.

കാലം മാറുകയാണ്. C-Section പരമാവധി ഒഴിവാക്കുന്നു. Normal Delvery യുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ ആരോഗ്യമേഖല വരും തലമുറയുടെ ആരോഗ്യത്തിനായി നോർമൽ ഡെലിവറി മതി എന്ന് നിർബന്ധിക്കുന്നു. പഴങ്കഞ്ഞി വീണ്ടും fashion ആകുന്നു. അമിത വൃത്തിയുടെ ആരോഗ്യപരമായ പോരായ്മകൾ കൂടുതൽ വെളിവാകുകയാണ്. 

നല്ല ബാക്റ്റീരിയകൾക്ക് അനിവാര്യമായ Insoluble Fiber ന്റെ ഏറ്റവും നല്ല ഒരു ഉറവിടമാണ് പച്ചത്തേങ്ങ. Insoluble Fiber നെ ദഹിപ്പിക്കുന്ന നല്ല ബാക്റ്റീരിയകൾ അതിൽ നിന്നുൽപ്പാദിപ്പിക്കുന്ന Short Chain Fatty Acids (SFA) Gastro- Intestinal Tract ന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നു.

കുടൽ നന്നായാൽ ഉടൽ നന്നായി എന്ന തത്വം മറന്നവർ വീണ്ടും ഓർത്തെടുക്കുക.

നല്ല ബാക്റ്റീരിയകളെ സംരക്ഷിക്കുക, വളർത്തുക. തൈര് നല്ല ബാക്റ്റീരിയകളുടെ നല്ല സോഴ്സ്സ് ൽ പ്രധാനിയാണ്. തലേന്നത്തെ ചോറ്, രാത്രിയിൽ പാലൊഴിച്ച്, ഉറയൊഴിച്ചു വച്ചാൽ, രാവിലെ ഉറകൂടി ഉണ്ടാകുന്ന തൈര് സാദം, കടുകും മുളകും വറുത്തിട്ട് ചോറിന്റെയും തൈരിന്റെയും acidic സ്വഭാവം balance ചെയ്യാൻ ഒരു കഷണം ചെറുനാരങ്ങ (lime) അച്ചാറും ചേർത്ത് കഴിക്കുന്നതാണ് ലോകത്തിലേറ്റവും സമീകൃതമായ ആഹാരങ്ങളിലൊന്ന് എന്ന് വിദഗ്ധർ പറയുന്നത് വെറുതെയല്ല. വേണ്ടവർക്ക് കഴിക്കാം. അല്ലാത്തവർക്ക് fiber നീക്കം ചെയ്ത മാവ് കുഴച്ചുണ്ടാക്കിയ പൊറോട്ടകളും, ഉള്ള നല്ല ബാക്റ്ററിയകളെക്കൂടി കൊന്നൊടുക്കാൻ ആന്റിബയോട്ടിക്‌ സമൃദ്ധമായ ഇറച്ചി വർഗ്ഗങ്ങളും കഴിച്ച് സ്കാൻ ചെയ്യാൻ പോകാം, സമയവും സൗകര്യവും പോലെ.

പച്ചക്കറികളിലും, ഇലക്കറികളിലും, പഴവർഗ്ഗങ്ങളിലും Fiber ഉണ്ട് ധാരാളമായി കഴിക്കുക, കഴിപ്പിക്കുക. ഫ്രിഡ്ജ്ൽ വച്ച് തണുപ്പിച്ച നല്ല കഞ്ഞിവെള്ളം നേർപ്പിച്ച് ഒരു നേരമെങ്കിലും കുടിക്കുക. ചൂടോടെ കുടിച്ചാൽ Sugar കൂടും. തണുത്താലേ അത് Resistant starch ആകൂ. പച്ചക്കായ ഇടയ്ക്കെങ്കിലും കറിവച്ച് കഴിക്കുക.

കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണം എന്തെങ്കിലും അതിലുണ്ടെങ്കിൽ അത് ലഭ്യമാകാൻ നല്ല ബാക്റ്റീരിയകളുടെ സഹായം കൂടിയേ തീരൂ. കുടലിലെ നല്ല ബാക്റ്റീരിയകൾ, മനുഷ്യന് ദഹിപ്പിക്കാനാവാത്ത Soluble &Insoluble Fibers ന്റെ ഉപാപചയത്തിലൂടെ (Metabolism) ഉത്പാദിപ്പിക്കുന്ന Postbiotics നിരവധിയാണ്. അതിൽ Antioxidants ഉം Vitamins ഉം മറ്റനവധി nutrients ഉം ഉണ്ട്. ദഹനവ്യവസ്‌ഥിതിക്ക് ഊർജ്ജമാകാനും (Energy) അമാശയത്തിന്റെയും കുടലുകളുടെയും ദഹനരസങ്ങളാൽ വന്നുഭവിക്കുന്ന കേടുപാടുകൾ തീർക്കാനും പുതിയവ നിർമ്മിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിർത്താനും മറ്റും Insoluble Fiber ൽ നിന്ന് ബാക്റ്റീരിയകൾ നിർമിക്കുന്ന Butyrate, Propionate, Acetate തുടങ്ങിയ Short Chain Fatty Acids തന്നെ വേണം. പാൽ ദഹിപ്പിക്കാനും ബാക്റ്റീരിയകൾ തന്നെ മുന്നിട്ടിറങ്ങണം.

 ഭക്ഷണം എങ്ങിനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണങ്ങളാണ് കുറുക്കുകാളൻ, പഴങ്കഞ്ഞി, നേർപ്പിച്ച തണുപ്പിച്ച കഞ്ഞിവെള്ളം തുടങ്ങിയവ. ഒരേ സമയം Sugar ഉം Cholesterol ഉം കുറയ്ക്കാനും BP നിയന്ത്രിക്കാനും Detox ചെയ്യാനും മറ്റും....
സസ്യാഹാരവിചിന്തനം

Comments

Powered By TechNXT